''ഉമ്മക്കെതിരെ കേസ് കൊടുക്കും''; പോലിസ് സ്‌റ്റേഷനെന്ന് തെറ്റിധരിച്ച് ഫയര്‍ സ്‌റ്റേഷനില്‍ എത്തിയ രണ്ടാം ക്ലാസുകാരനെ വീട്ടിലെത്തിച്ചു
മലപ്പുറം: ഉമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങി. തുടര്‍ന്ന് ഉമ്മക്കെതിരെ പരാതി കൊടുക്കാന്‍ ഇരുമ്പുളിയിലെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം നടന്ന് ഫയര്‍ സ്‌റ്റേഷനില്‍ എത്തി. പോലിസ് സ്‌റ്റേഷന്‍ എന്നു കരുതിയാണ് കുട്ടി മുണ്ടുപറമ്പ് ജങ്ഷനിലെ ഫയര്‍സ്റ്റേഷനില്‍ എത്തിയത്. കുട്ടിയെ കണ്ട് അല്‍ഭുദപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിവരം ചോദിച്ചറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു.
വീട്ടില്‍ കളിക്കുന്നതിനിടെ സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഈ സംഭവത്തിലാണ് ഉമ്മ കുട്ടിയെ വഴക്ക് പറഞ്ഞത്. ഇതിന്റെ വിഷമത്തില്‍ ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് കുട്ടി.
ഫയര്‍സ്റ്റേഷനില്‍ എത്തിയ കുട്ടി 'ഉമ്മ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു' എന്നൊക്കെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു.
അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. കുട്ടി ഇറങ്ങിപ്പുറപ്പെട്ട കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. പിതാവിന് ഫോണ്‍ വന്നപ്പോഴാണ് കുട്ടി പോയിട്ടുണ്ട് എന്നറിഞ്ഞത്.
