കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Update: 2025-02-11 14:40 GMT

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക റിപോര്‍ട്ട്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണു മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പോലിസ് അന്വേഷണം തുടരുകയാണ്.

നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷാംപു കുപ്പിയുടെ അടപ്പു തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ അവരുടെ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് നിസാര്‍ പരാതി നല്‍കിയത്. ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയില്‍ തൊണ്ടയില്‍ പാല്‍ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു പരാതിയില്‍ നിസാര്‍ പറയുന്നു.