കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി,ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ചു

Update: 2025-11-01 04:11 GMT

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേര്‍ത്തു ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. നടത്താന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയാറുള്ളൂ. അതു നടപ്പാക്കുകയും ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് നേരത്തേ തന്നെ പറഞ്ഞിട്ടുളളുതാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞുവെന്നും നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ലു കൂടി പിന്നിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കേരളം അതീവദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചാണ് സഭ ചേരുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതിന് കൂട്ടുനില്‍ക്കാനില്ലെന്നും രാവിലെ മാധ്യമങ്ങളില്‍ വന്ന പരസ്യം സഭയില്‍ മുഖ്യമന്ത്രി വായിക്കുന്നത് സഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് മുദ്ര്യാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.