മസാല ബോണ്ട് കേസില്‍ ഇഡിക്കെതിരേ മുഖ്യമന്ത്രി ഹൈക്കോടതിയില്‍

Update: 2025-12-17 14:36 GMT

കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡിയുടെ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി ഹരജി നല്‍കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെമ നിയമലംഘനത്തിനെതിരെ ഇഡി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസും അതിന്റെ തുടര്‍നടപടികളും റദ്ദാക്കണം എന്നാണ് പ്രധാന ആവശ്യം.

നേരത്തെ കിഫ്ബി നല്‍കിയ അപേക്ഷ പ്രകാരം ഹൈക്കോടതി ഇഡി നടപടികള്‍ക്ക് മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇഡിയുടെ നടപടികള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചോദ്യം ചെയ്ത് ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ലെന്നും, ഒരു പൂര്‍ണ്ണ സ്റ്റേ വരുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ നടപടികളാണ് റദ്ദാക്കപ്പെടുന്നത് എന്നുമായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേതുടര്‍ന്നാണ് കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ഹൈക്കോടതിയില്‍ എത്തിയത്.