പിണറായിയിലെ ബോംബ്സ്ഫോടനം തേച്ചുമായ്ക്കാന്‍ മുഖ്യന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു: സണ്ണി ജോസഫ്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന് ബോംബ് നിര്‍മാണത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം തേച്ചുമാച്ചു കളയാന്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. പടക്കം പൊട്ടിയാണ് അപകടമുണ്ടായതെന്ന സിപിഎം ന്യായീകരണമാണ് ഏറ്റവും വലിയ പടക്കം.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്നുവരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിത്. അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് ബോംബുകള്‍ നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍പ്പോലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. പിണറായിയില്‍ വേങ്ങാട് പൊയ്നടയില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷീനയുടെയും ബന്ധുവിന്റെയും അക്ഷയകേന്ദ്രം പാര്‍ട്ടിക്കാര്‍ ആക്രമിച്ചു. അക്രമങ്ങളെക്കുറിച്ചും ബോംബ് സ്ഫോടനത്തെക്കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകണം. ക്രിമിനല്‍ സംഘങ്ങളെ ന്യായികരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കണ്ണൂരില്‍ സമാധാനം തകരുന്നതില്‍ ഹൈക്കോടതി വരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പിണറായിയില്‍ ബോംബ് പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ കാപ്പ കേസിലെ പ്രതിയാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഉദ്ഘാടനം ചെയ്യാന്‍ തയാറായിരുന്ന കോണ്‍ഗ്രസ് ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതിയായ ഇയാള്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയാണ്. പി. ജയരാജന്റെ മകന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബോംബ് നിര്‍മിക്കുമ്പോള്‍ കൈയിലിരുന്ന് ബോംബ് പൊട്ടി. അന്നു സിപിഎം പറഞ്ഞത് വിഷുവിന് പടക്കം കെട്ടിയതാണ് എന്നാണ്. കലുങ്കിനടിയിലിരുന്നാണോ വിഷുപ്പടക്കം ഉണ്ടാക്കുന്നതെന്ന് അന്ന് പ്രതിപക്ഷം ചോദിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ മരിച്ച നിരവധി സംഭവങ്ങളുണ്ട്. ചെറ്റക്കണ്ടിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചപ്പോള്‍ അന്നു സിപിഎം അവര്‍ പാര്‍ട്ടിക്കാരല്ലെന്നു പറഞ്ഞൊഴിഞ്ഞു. എന്നാല്‍ പിന്നീട് അവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപം തീര്‍ത്തു. അതിന്റെ ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍വഹിക്കാനിരുന്നപ്പോള്‍ വലിയ പ്രതിഷേഷം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കുടിയാന്മലയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ഫോടനം ഉണ്ടായി രണ്ടു പേര്‍ മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു പാര്‍ട്ടിയുടെ സഹായം നല്കി. കതിരൂര്‍ പുല്ലിയോട് രണ്ടു പേര്‍ കൊല്ലപ്പെട്ടു. മട്ടന്നൂര്‍ കോളാരി,പാനൂരിലെ വിവിധ സ്ഥലങ്ങളിലൊക്കെ ഇത്തരം സംഭവങ്ങളുണ്ടായി. നടുവനാട് ബോബ് സ്ഫോടനം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ സിപിഎം തടഞ്ഞു.
സിപിഎം ബോബ് നിര്‍മാണം സംബന്ധിച്ച് താന്‍ രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. തലശേരിയിലെ ഒരു വീട്ടുവളിപ്പില്‍ തേങ്ങയാണെന്നു കരുതി എടുത്ത സാധനം പൊട്ടി ഒരാള്‍ മരിച്ചു. ചാവശേരിയില്‍ ആസം സ്വദേശികളായ ഉപ്പയും മക്കളും ആക്രി സാധനം പെറുക്കുമ്പോള്‍ ഉപ്പയും രണ്ടു മക്കളില്‍ ഒരാളും മരിച്ചു. മൂത്ത മകന്‍ ഇവരുടെ മൃതദേഹവുമായാണ് ആസമിലേക്കു മടങ്ങിയത്. പാനൂരില്‍ അമാവാസി എന്ന പൂര്‍ണചന്ദന്‍ സ്റ്റീല്‍ പാത്രമെന്നു കരുതിയെടുത്ത ആക്രി പൊട്ടിത്തെറിച്ചാണ് കൈക്കും കണ്ണിനും ഗുരുതര പരിക്കേറ്റത്. ബോംബേിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി അസ്ന കുട്ടി പഠിച്ച് ഡോക്ടറായി.
ശബരിമലയില്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് താനാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അതും കഴിഞ്ഞ് കപ്പലിന്റെ കപ്പിത്താന്‍ തന്നെ സിപിഎം നേതാക്കളാണെന്നു തെളിഞ്ഞു. സ്വര്‍ണ മോഷ്ടിച്ചതില്‍ പരാതിയില്ലാത്ത സിപിഎമ്മിന് അതെക്കുറിച്ച് എഴുതിയ പാട്ടിലാണ് പരാതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിപിഎം അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

