പള്ളികളും ദര്‍ഗകളും ദേശീയപതാക ഉയര്‍ത്തണമെന്ന് ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ്

Update: 2025-08-12 13:37 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ മുസ്‌ലിം പള്ളികളും ദര്‍ഗകളും സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. ഏതു മതത്തേക്കാളും വലുതാണ് രാജ്യത്തിന്റെ പതാകയോടുള്ള ബബഹുമാനമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. സലീം രാജ് അവകാശപ്പെട്ടു. എല്ലാ വഖ്ഫ് സ്ഥാപനങ്ങളുടെയും ഗെയ്റ്റിന് സമീപം മുതവല്ലിയോ ഇമാമോ പള്ളിക്കമ്മിറ്റി അംഗങ്ങളോ ദേശീയപതാക ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്‌റസകളും പള്ളികളും ദര്‍ഗകളും ഇത് ചെയ്യണം. രാജ്യസ്‌നേഹവും ഐക്യവും സാഹോദര്യവും ഉയര്‍ത്തിപിടിക്കാന്‍ ഇത് അനിവാര്യമാണ്. '' ഇസ്‌ലാമിക സ്ഥാപനങ്ങള്‍ പൊതുവില്‍ ദേശീയപതാക ഉയര്‍ത്താറില്ല. ഇത് ഉയര്‍ത്തുന്നതിനോട് ആരും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ല. ദേശീയപതാകയെ സ്‌നേഹിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല. ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ അവരുടെ മതമൗലിക വാദം പുറത്താവും.''-ഡോ. സലീം രാജ് അവകാശപ്പെട്ടു.