''സനാതന ധര്‍മം പ്രചരിപ്പിക്കണം'': ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ഇനി ആര്‍എസ്എസ് വാരികകളും

Update: 2025-02-06 06:46 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ആര്‍എസ്എസ് വാരികകളും ഉള്‍പ്പെടുത്താന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടു. ആര്‍എസ്എസിന്റെ മുഖപത്രങ്ങളായ ' പാഞ്ചജന്യ', 'ഓര്‍ഗനൈസര്‍' എന്നിവ ഉള്‍പ്പെടുത്താനാണ് ജയില്‍ ഡിജിപി ഹിമാന്‍ശു ഗുപ്ത ഉത്തരവിറക്കിയിരിക്കുന്നത്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ടു വാരികകളും കണ്ടില്ലെന്നും അതിനാലാണ് ഉത്തരവിറക്കിയതെന്നും ഹിമാന്‍ശു ഗുപ്ത വിശദീകരിച്ചു. തടവുകാരില്‍ രാജ്യസ്‌നേഹമുണ്ടാക്കാനും സനാതന ധര്‍മം പ്രചരിപ്പിക്കാനും ഈ മാസികകള്‍ സഹായിക്കുമെന്നാണ് ഹിമാന്‍ശു ഗുപ്ത വിശ്വസിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ജയില്‍ ഡിജിപിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് ആകാശ് ശര്‍മ രംഗത്തെത്തി. സ്ഥാനക്കയറ്റത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് ഹിമാന്‍ശു ഗുപ്ത ശ്രമിക്കുന്നതെന്ന് ആകാശ് ശര്‍മ ആരോപിച്ചു. തടവുകാര്‍ക്ക് സനാതന ധര്‍മ്മത്തെക്കുറിച്ച് പഠിക്കണമെങ്കില്‍ മറ്റു വഴികളുണ്ട്. ഭഗത് സിംഗ്, മഹാത്മാഗാന്ധി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പാരമ്പര്യമുള്ള ജയിലുകളിലേക്ക് വിഭജന രാഷ്ട്രീയം കൊണ്ടുവരാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ജയിലുകളില്‍ രാഷ്ട്രീയം കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന വാരികയാണ് പാഞ്ചജന്യ. ഇംഗ്ലീഷ് വാരികയായ ഓര്‍ഗനൈസര്‍ 1947ലാണ് ആരംഭിച്ചത്. സംസ്ഥാനത്തെ 33 ജയിലുകളിലും ഇവ ചേര്‍ക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.