രാം നാരായന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പൂര്‍: കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറില്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. സക്തി ജില്ലയിലെ കാര്‍ഹി ഗ്രാമക്കാരനായ രാം നാരായനെ ഡിസംബര്‍ 17നാണ് ബിജെപി പ്രവര്‍ത്തകര്‍ അടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവം ദൗര്‍ഭാഗ്യകരവും മനുഷ്യത്വരഹിതവുമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. '' കേരളത്തിലെ പാലക്കാട്ട്, ഛത്തീസ്ഗഢില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ രാം നാരായന്‍ ബാഗേലിന് സംഭവിച്ച ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ സംഭവത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. നിരപരാധികളായ ഏതൊരു പൗരനുമെതിരായ ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.''-അദ്ദേഹം പറഞ്ഞു. ഈ ഹീനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി ഉറപ്പാക്കണമെന്ന് അദ്ദേഹം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഉടന്‍ തന്നെ കേരളത്തിലേക്ക് അയച്ചതായും, അദ്ദേഹത്തിന്റെ മൃതദേഹം അര്‍ഹമായ ആദരവോടെ ജന്മനാട്ടിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സായ് പറഞ്ഞു.