''മര്‍ദ്ദനത്തില്‍ തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള്‍ പൊട്ടി സജി മരിച്ചു''; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-02-13 12:20 GMT

ആലപ്പുഴ: ആക്രമണത്തില്‍ തലയ്‌ക്കേറ്റ പരിക്കുമൂലമാണ് ചേര്‍ത്തല സ്വദേശി സജി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍്ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പോലിസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസക്കാലം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ചേര്‍ത്തല പണ്ടകശാല പറമ്പില്‍ സജി (46) ഫെബ്രുവരി ഒമ്പതാം തിയ്യതി ഞായറാഴ്ച രാവിലെ 7.30നാണ് മരിച്ചത്. തുടര്‍ന്ന് മുട്ടം സെയ്ന്റ്‌മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ വൈകിട്ട് ശവസംസ്‌കാരം നടത്തുകയായിരുന്നു. ജനുവരി എട്ടിനു രാത്രി പത്തുമണിക്ക് ശേഷമാണ് സജിയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീട്ടിലെ സ്‌റ്റെയര്‍കെയ്‌സില്‍ നിന്നും വീണുവെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. അതിനാല്‍ ഇതില്‍ ദൂരൂഹത കണ്ടിരുന്നില്ല. ആരും പരാതി ഉയര്‍ത്താത്ത സാഹചര്യത്തിലായിരുന്നു സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

എന്നാല്‍, മരണത്തില്‍ സംശയം ആരോപിച്ച് മകള്‍ നല്‍കിയ പരാതിയിലാണ് മൃതദേഹം കല്ലറയില്‍ നിന്നെടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള്‍ പൊട്ടി രക്തസ്രാവമുണ്ടായതാണ് സജിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഭാരതീയ ന്യായ സംഹിത 105 വകുപ്പുപ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് സോണിക്കെതിരെ ചുമത്തിയിട്ടുള്ളത്.