തെല്‍അവീവ്: ഗസ മുനമ്പില്‍ ഇസ്രായേലി സൈന്യം നടത്തുന്ന 'ഗിഡിയന്‍ രഥങ്ങള്‍' ഓപ്പറേഷന്‍ പരാജയപ്പെട്ടെന്ന് സൈനിക രേഖ. ഇസ്രായേലി ചാനലായ ചാനല്‍ 12 ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഹമാസിനെ കീഴ്‌പ്പെടുത്തി തടവുകാരെ തിരികെ കൊണ്ടുവരണമെന്ന ലക്ഷ്യം നേടാനാവാതെ ഓപ്പറേഷന്‍ ഗിഡിയന്‍ രഥങ്ങളുടെ ഒന്നാം ഘട്ടം അവസാനിപ്പിക്കേണ്ടി വന്നെന്ന് റിപോര്‍ട്ട് പറയുന്നു. ഹമാസിന്റെ ആക്രമണ രീതികളുമായി പൊരുത്തപ്പെടാത്ത സൈനിക നടപടിയാണ് സൈനിക നേതൃത്വം നടപ്പാക്കിയതെന്ന് സൈനികരേഖ കുറ്റപ്പെടുത്തുന്നു.
രണ്ടുവര്‍ഷമായി ഗസയില്‍ ആക്രമണം നടത്തിയിട്ടും ഹമാസിനെ തോല്‍പ്പിക്കാനാവാത്തതിനാലണ് മേയ് പകുതി മുതല്‍ ഓപ്പറേഷന്‍ ഗിഡിയന്‍ രഥങ്ങള്‍ എന്ന പേരില്‍ പുതിയ ഓപ്പറേഷന്‍ തുടങ്ങിയത്. ബൈബിള്‍ കഥകളില്‍ വിജയിയായ പോരാളിയായ ഗിഡിയനില്‍ നിന്നാണ് ഇസ്രായേലികള്‍ ഈ പേര് എടുത്തത്. ഗസയെ പല കഷ്ണങ്ങളാക്കി മുറിച്ച് തന്ത്രപ്രധാന പ്രദേശങ്ങളില്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു ആദ്യഘട്ടം. തുടര്‍ന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഹമാസിന് മേല്‍ പരമാവധി സൈനിക സമ്മര്‍ദ്ദം ചെലുത്തലും ലക്ഷ്യമാക്കി. മേയ് നാലിന് ഇസ്രായേലി സുരക്ഷാ കാബിനറ്റ് തീരുമാനിച്ച പദ്ധതി മേയ് 16-17 തീയതികളിലാണ് ആരംഭിച്ചത്. ഏകദേശം 65,000 കോടി രൂപയോളം ചെലവഴിച്ച സൈനികനടപടി ലക്ഷ്യം കണ്ടില്ല. അതിനാലാണ് 2025 ആഗസ്റ്റില്‍ ഗിഡിയന്‍ രഥങ്ങള്‍-2 എന്ന പേരില്‍ അടുത്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ ഗിഡിയന്‍ രഥങ്ങളെ തോല്‍പ്പിക്കാന്‍ ഡേവിഡിന്റെ കല്ലുകള്‍ എന്ന ഓപ്പറേഷനാണ് ഹമാസ് ആരംഭിച്ചത്. ഗിഡിയന്‍ രഥത്തിന് നേരെ ഡേവിഡിന്റെ കല്ലുകള്‍ എറിയുന്നത് തുടരുന്നു.