ന്യൂഡല്‍ഹി: ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ ക്രോഡീകരിച്ച മനുസ്മൃതിയെ ആശ്രയിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ കരട് ദേശീയ തൊഴില്‍ നയം പ്രതിഷേധത്തിന് കാരണമാവുന്നു. തൊഴില്‍ പവിത്രവും തൊഴിലാളികളുടെ ധാര്‍മികമായ കടമയുമാണെന്നാണ് കരട് നയം പറയുന്നത്.
''ഇന്ത്യന്‍ ലോകവീക്ഷണത്തില്‍, ജോലി കേവലം ഉപജീവനമാര്‍ഗ്ഗമല്ല, മറിച്ച് ധര്‍മ്മത്തിന്റെ വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനയാണ്.....മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി, നാരദസ്മൃതി, ശുക്ര നീതി, അര്‍ത്ഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങള്‍ രാജധര്‍മ്മ സങ്കല്‍പ്പത്തിലൂടെ ഈ ധാര്‍മ്മികതയെ വ്യക്തമാക്കി.....കരട് നയം ഈ തദ്ദേശീയ ചട്ടക്കൂടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ഭരണകൂടത്തിന്റെ ഭരണഘടനാപരവും അന്തര്‍ദേശീയവുമായ പശ്ചാത്തലത്തില്‍ അവയെ ഉള്‍പ്പെടുത്തുന്നു.''-നയം പറയുന്നു.
ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് കരട് നയം തയ്യാറാക്കിയിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എഐടിയുസി) ആരോപിച്ചു. കരട് അന്തിമമാക്കുന്നതിന് മുമ്പ് അത് പിന്‍വലിക്കണമെന്നും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ആരംഭിക്കണമെന്നും എഐടിയുസി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷ, തൊഴില്‍ സൃഷ്ടിക്കല്‍, മിനിമം വേതന നിയമം അനുസരിച്ച് നിര്‍ബന്ധിത മിനിമം വേതനം തുടങ്ങിയ ഏറ്റവും പ്രധാനമായ വിഷയങ്ങള്‍ നയത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും എഐടിയുസി ചൂണ്ടിക്കാട്ടി.
വേതനം, തൊഴിലാളികളുടെ അവകാശങ്ങള്‍, ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ വ്യവസായവല്‍ക്കരണത്തിനും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിനും ശേഷം ഉയര്‍ന്നുവന്ന ആധുനിക ആശയങ്ങളാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മല്‍ സെക്ടര്‍ ആന്‍ഡ് ലേബര്‍ സ്റ്റഡീസിലെ ഫാക്കല്‍റ്റി അംഗമായ പ്രദീപ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി. '' പുരാതന കാലത്ത് അത് ജജ്മണി വ്യവസ്ഥയായിരുന്നു. തൊഴിലാളികള്‍ക്ക് അവകാശങ്ങളില്ലായിരുന്നു. കൂലി സമ്പ്രദായം ഇല്ലായിരുന്നു, ജോലിക്ക് പകരം തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗമായി ഒരു തുക നല്‍കും, അത് പ്രധാനമായും സാധനങ്ങളുടെ രൂപത്തിലുമായിരുന്നു. കൂലി നിശ്ചയിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് പങ്കില്ലായിരുന്നു.''-അദ്ദേഹം പറഞ്ഞു.
ഹിന്ദു ഗ്രന്ഥങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ ആശയത്തെ മഹത്വവല്‍ക്കരിക്കുന്നത്, ബ്രാഹ്‌മണര്‍ ഉയര്‍ന്ന പദവി ആസ്വദിക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള തൊഴില്‍ വിഭജനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. '' പുരാതന ഹിന്ദുശാസ്ത്ര ഗ്രന്ഥങ്ങളില്‍, രാജാവ് അധികാരത്തിന്റെ മൂര്‍ത്തീഭാവമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പദവി ബ്രാഹ്‌മണന്റെ പദവിക്ക് കീഴിലായിരുന്നു. തൊഴില്‍ അവകാശങ്ങളുടെ പശ്ചാത്തലത്തില്‍ സ്മൃതികള്‍ കൊണ്ടുവരുന്നത് ബ്രാഹ്‌മണന്റെ പ്രാധാന്യം ഉറപ്പിച്ചു പറയാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. അത് ജനപ്രതിനിധികളെ കൊണ്ടും അംഗീകരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. അധ്വാനത്തെ ധര്‍മ്മവുമായോ രാജധര്‍മ്മവുമായോ താരതമ്യം ചെയ്യുന്നത് വികലമായ ആശയമാണ്. അത് തൊഴിലാളികളുടെ അവകാശങ്ങള്‍, ന്യായമായ വേതനം, സുരക്ഷ എന്നിവ അവഗണിക്കുന്നു.''-അദ്ദേഹം കൂട്ടിചേര്‍ത്തു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന കണ്‍കറന്റ് ലിസ്റ്റ് അഥവാ സമവര്‍ത്തി ലിസ്റ്റ് പ്രകാരം തൊഴില്‍ മേഖലയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങളും അധികാരങ്ങളുണ്ട്. പക്ഷേ, പുതിയ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ അതിക്രമിച്ചു കയറുകയാണെന്നും വിലയിരുത്തലുണ്ട്. പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയാല്‍ ഗ്രാന്റുകള്‍ വാഗ്ദാനം നല്‍കിയാണ് ഇത് സാധിക്കുന്നത്. കൂടാതെ പരിഷ്‌കാരങ്ങള്‍ക്കായി സമയപരിധിയും നിശ്ചയിച്ചിരിക്കുന്നു.

