''മതപരവും ഭക്ഷണപരവുമായ ആശങ്ക'': മൃഗ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ കാര്‍ഷിക ബയോ സ്റ്റിമുലന്റുകള്‍ക്കുള്ള അംഗീകാരം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹിന്ദു-ജൈന വിഭാഗങ്ങളുടെ മതപരവും ഭക്ഷണപരവുമായ രീതികള്‍ സംരക്ഷിക്കാന്‍ മൃഗ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക ബയോ സ്റ്റിമുലന്റുകള്‍ക്കുള്ള അംഗീകാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നെല്ല്, തക്കാളി, ഉരുളക്കിഴങ്ങ്, കുക്കുമ്പര്‍, മുളക് തുടങ്ങിയവയുടെ കൃഷിയില്‍ നിര്‍ണായകമാണ് ഇവ. കോഴിത്തൂവല്‍, കന്നുകാലികളുടെ തുകല്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന 11 ബയോ സ്റ്റിമുലന്റുകളുടെ വില്‍പ്പനക്കുള്ള അംഗീകാരമാണ് പിന്‍വലിച്ചത്. ഹിന്ദു-ജൈന സമുദായത്തിലെ ചിലര്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് നല്‍കിയ നിവേദനത്തിന്റെ ഭാഗമായാണ് നടപടി വന്നത്.
ബയോസ്റ്റിമുലന്റ് എന്നത് ഒരു പദാര്‍ത്ഥം അല്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ അല്ലെങ്കില്‍ രണ്ടിന്റെയും സംയോജനമാണ്. ഇത് സസ്യങ്ങളുടെ പോഷക ആഗിരണം, വളര്‍ച്ച, വിളവ്, ഗുണനിലവാരം, സമ്മര്‍ദ്ദ സഹിഷ്ണുത എന്നിവ മെച്ചപ്പെടുത്തുന്നു. ഇത് നേരിട്ട് പോഷകം നല്‍കില്ല. കീടനാശിനികളെ പോലെ കീടങ്ങളെ നശിപ്പിക്കുകയുമില്ല. ഇന്ത്യയിലെ ബയോസ്റ്റിമുലന്റ്‌സ് വിപണി 2024ല്‍ 3,152 കോടി രൂപയുടേതായിരുന്നു. 2032ല്‍ ഇത് പതിനായിരം കോടി രൂപയായി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.
കൊറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, സിന്‍ജെന്റ, ഗോദ്റെജ് അഗ്രോവെറ്റ് എന്നിവരാണ് ഇന്ത്യയിലെ പ്രധാന ഉല്‍പ്പാദകര്‍. പൊതുവില്‍ ദ്രാവകരൂപത്തില്‍ ലഭിക്കുന്ന ബയോ സ്റ്റിമുലന്റുകള്‍ വിളകളില്‍ തളിക്കുകയാണ് ചെയ്യുക. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഏറ്റവും സാധാരണമായ ബയോസ്റ്റിമുലന്റുകളില്‍ ഒന്നിനെ ലക്ഷ്യം വച്ചുള്ളതാണ്: പ്രോട്ടീന്‍ ഹൈഡ്രോലൈസേറ്റ്, ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് രൂപം കൊള്ളുന്ന അമിനോ ആസിഡുകളുടെയും പെപ്‌റ്റൈഡുകളുടെയും മിശ്രിതമാണ്. സോയ, ചോളം പോലുള്ള സസ്യങ്ങളില്‍ നിന്നോ, തൂവലുകള്‍, തോലുകള്‍ മൃഗ സ്രോതസ്സുകളില്‍ നിന്നോ ഇവ തയ്യാറാക്കുന്നു.
സെപ്റ്റംബര്‍ 30ന് കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം, പ്രോട്ടീന്‍ ഹൈഡ്രോലൈസേറ്റുകളില്‍ കൊണ്ട് നിര്‍മ്മിച്ച 11 ബയോസ്റ്റിമുലന്റുകള്‍ ഒഴിവാക്കി. ചെറുപയര്‍, തക്കാളി, മുളക്, പരുത്തി, വെള്ളരി, കുരുമുളക്, സോയാബീന്‍, മുന്തിരി, നെല്ല് എന്നിവയ്ക്ക് ഉപയോഗിക്കുന്ന വ്യത്യസ്ത ഡോസുകള്‍ അവയില്‍ ഉള്‍പ്പെടുന്നു.
