ഫോണില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടെന്ന് കേന്ദ്രം

Update: 2025-12-03 10:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ 'സഞ്ചാര്‍ സാഥി' ആപ്പ് ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, സഞ്ചാര്‍ സാഥിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഉത്തരവ്.