ന്യൂഡല്‍ഹി: വൈദ്യുതിനിരക്ക് സ്വമേധയാ കൂടാന്‍ വഴിയൊരുക്കുന്ന പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. റെഗുലേറ്ററി കമ്മിഷനുകള്‍ നിരക്ക് കൂട്ടിയില്ലെങ്കിലും വര്‍ഷംതോറും നിരക്ക് സ്വമേധയാ കൂടുന്ന സംവിധാനംവേണമെന്നാണ് നിര്‍ദേശം. വൈദ്യുതിവിതരണ ലൈനുകളിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വകാര്യ കമ്പനികളെയും അനുവദിക്കണമെന്നും പറയുന്ന നയത്തിന്റെ കരട് സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനയച്ചു. കേരളത്തില്‍ ഇപ്പോള്‍ സൗജന്യവൈദ്യുതി നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി വൈദ്യുതി ബോര്‍ഡും സര്‍ക്കാരുമായുള്ള മറ്റു ബാധ്യതകളില്‍ തട്ടിക്കിഴിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കാനും നയം നിര്‍ദേശിക്കുന്നു. മുന്‍കൂര്‍ സബ്സിഡി നല്‍കിയാല്‍ മാത്രമേ സൗജന്യ വൈദ്യുതി അനുവദിക്കാവൂ. സാമ്പത്തികബുദ്ധിമുട്ടു നേരിടുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കുമേല്‍ അമിതഭാരം ചുമത്താന്‍ ഇതു വഴിയൊരുക്കും. സബ്സിഡിയൊഴിവാക്കാന്‍ നിര്‍ബന്ധിതമായാല്‍ അത് കേരളത്തിലെ വലിയ വിഭാഗം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കും. ഒരു വിഭാഗത്തിന് കൂടുതല്‍ നിരക്ക് ചുമത്തി മറ്റ് വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന ക്രോസ് സബ്സിഡി ഒഴിവാക്കമെന്നും കരട് ആവശ്യപ്പെടുന്നു.