ന്യൂഡല്‍ഹി: തുര്‍ക്കി ആസ്ഥാനമായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ 'ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസി'ന് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ജെലെബി എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി ക്ലിയറന്‍സാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് കമ്പനിക്ക് നല്‍കിയ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കുന്നതെന്ന് ബ്യൂറോ ഓഫ് സിവിയല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജോയിന്റ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) സുനില്‍ യാദവ് പുറത്തിറക്കിയ ഉത്തരവ് പറയുന്നു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്.അടുത്തിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പാകിസ്താന്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചു എന്നതാണ് കാരണമായി പറയപ്പെടുന്നത്.