വയനാട് ദുരന്തത്തില്‍ കേന്ദ്രം ചെയ്തത് ക്രൂരതയെന്ന് മന്ത്രി കെ രാജന്‍

Update: 2025-02-15 05:22 GMT

തൃശൂര്‍: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് റെവന്യുമന്ത്രി കെ രാജന്‍. എന്നിട്ടും കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള വായ്പയാണെന്നും ഇത് കേരളത്തോടുള്ള ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. വായ്പയായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളില്‍ ചെലവഴിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. ഇത് വകമാറ്റി ചെലവഴിച്ചാല്‍ കേരളത്തിനുള്ള മറ്റു വിഹിതങ്ങള്‍ കുറക്കുമെന്നും പറഞ്ഞിട്ടുണ്ട്. കേരളം ഒരു പ്രത്യേക അവസ്ഥയില്‍ എത്തിയെന്നു കരുതി എന്തും പറയാമെന്നാണ് കേന്ദ്രം കരുതുന്നത്.

എന്നിരുന്നാലും ദുരിതബാധിതരെ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ് വായ്പാ തുക ചെലവഴിക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കേന്ദ്ര വായ്പയുടെ വിനിയോഗം ചര്‍ച്ചചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേരും. വായ്പാ തുക ഉപയോഗിച്ച് എങ്ങനെ പദ്ധതികള്‍ പൂര്‍ത്തിയാക്കാം, കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ നിന്ന് എങ്ങനെ പ്രവര്‍ത്തിക്കാം, സമയപരിധിയില്‍ ഇളവ് നേടാന്‍ കേന്ദ്രത്തെ സമീപിക്കണോ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ആലോചിക്കും.