പ്രഫ. നിതാഷ കൗളിന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍; രാജ്യാന്തര അടിച്ചമര്‍ത്തലെന്ന് നിതാഷ
ലണ്ടന്‍: യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസറും എഴുത്തുകാരിയും കവിയുമായ നിതാഷ കൗളിന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് (ഒസിഐ) കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും വസ്തുതകളും ചരിത്രവും വളച്ചൊടിച്ചെന്നും ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു കത്ത് അയച്ചെന്നും രാജ്യാന്തര അടിച്ചമര്‍ത്തലാണ് ഇതെന്നും നിതാഷ പറഞ്ഞു. മോദി ഭരണത്തിലെ ന്യൂനപക്ഷ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും തുറന്നുകാട്ടിയതിനാണ് ഈ രാജ്യാന്തര അടിച്ചമര്‍ത്തലെന്ന് അവര്‍ വിശദീകരിച്ചു.
IMPORTANT NOTE - I received a cancellation of my #OCI (Overseas Citizenship of #India) *today* after arriving home. A bad faith, vindictive, cruel example of #TNR (transnational repression) punishing me for scholarly work on anti-minority & anti-democratic policies of #Modi rule. pic.twitter.com/7L60klIfrv
— Professor Nitasha Kaul, PhD (@NitashaKaul) May 18, 2025
ഇന്ത്യന്‍ വംശജയായ പ്രഫ. നിതാഷ കൗള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ഇക്കണോമിക്‌സില്‍ നിന്നും ബിഎ ഹോണേഴ്‌സ് നേടിയത്. പിന്നീട് പബ്ലിക് പോളിസി പ്രത്യേക വിഷയമായെടുത്ത് എംഎയും സ്വന്തമാക്കി. ഇതിന് ശേഷം യുകെയിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടി. നിലവില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെമോക്രസിയുടെ ഡയറക്ടറുമാണ്. കശ്മീരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 'റെസിഡ്യു', 'ഫ്യൂച്ചര്‍ ടെന്‍സ്' എന്നീ രണ്ടു നോവലുകളും രചിച്ചിട്ടുണ്ട്. ഇതില്‍ 'റെസിഡ്യു' 2009ലെ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ''ജനാധിപത്യ-ഭരണാഘടന മൂല്യങ്ങള്‍' കോണ്‍ഫറന്‍സില്‍ സംസാരിക്കാനെത്തിയ നിതാഷയെ 2024 ഫെബ്രുവരിയില്‍ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചിരുന്നു. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നു എന്നതാണ് അന്ന് കാരണമായി പറഞ്ഞതെന്ന് നിതാഷ പറയുന്നു. താന്‍ ഇന്ത്യാ വിരുദ്ധയല്ലെന്നും ജനാധിപത്യ അനൂകൂലിയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

