മതപരിവര്‍ത്തനമെന്ന് വിഎച്ച്പിയുടെ ആരോപണം: കന്യാസ്ത്രീയേയും 19 കുട്ടികളെയും തടഞ്ഞുവച്ച് പോലിസ്
ജാംഷഡ്പൂര്‍: കന്യാസ്ത്രീയേയും 19 കുട്ടികളെയും തടഞ്ഞുവച്ച് റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വേ പോലിസും. ജാര്‍ഖണ്ഡിലെ ടാറ്റാനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികളെ കന്യാസ്ത്രീയും സംഘവും കടത്തിക്കൊണ്ടുപോവുകയാണെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു പോലിസ് നടപടി. കന്യാസ്ത്രീയെയും കുട്ടികളെയും സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ വിഎച്ച്പി-ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുട്ടികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയായിരുന്നു എന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ കുട്ടികളെ രണ്ടു ദിവസത്തെ നൈപുണ്യവികസന ക്യാംപിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ക്രിസ്ത്യന്‍ സഭകളുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ അനുമതിയും അതിനുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് എല്ലാവരെയും പോലിസ് വിട്ടയച്ചത്. വിഎച്ച്പിയും ബജ്‌റങ്ദളുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും പോലിസിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫാദര്‍ ബീരേന്ദ്ര പറഞ്ഞു.