രാജസ്ഥാനിലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ ചോദ്യം സിബിസിഐ സുപ്രിംകോടതിയില്‍

Update: 2025-12-09 05:12 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന 'നിര്‍ബന്ധിത' മതപരിവര്‍ത്തനം തടയല്‍ നിയമത്തെ ചോദ്യം ചെയ്ത് കാതലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) സുപ്രിംകോടതിയില്‍. ഹരജി പരിഗണിച്ച കോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ് അയച്ചു. പിന്നാലെ സമാനമായ മറ്റു ഹരജികളുടെ കൂടെ പരിഗണിക്കാന്‍ മാറ്റി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങളുണ്ടെന്നും അവയെല്ലാം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും രാജസ്ഥാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സമാനമായ കേസുകളെല്ലാം ഒരുമിച്ച് കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ ദീപക് ദത്ത, എ ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്താല്‍ കുറ്റാരോപിതരുടെ വീടുകളും മറ്റും കണ്ടുകെട്ടാനും പൊളിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കുറ്റാരോപിതരെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിക്കുന്നു.