പൂച്ചകള്‍ക്കെതിരെ വ്യാജപ്രചാരണം; കശ്മീരില്‍ മൃഗാശുപത്രികളില്‍ വന്‍തിരക്ക് (photos)

Update: 2025-03-04 16:22 GMT

ശ്രീനഗര്‍: പൂച്ചകള്‍ മാരകരോഗങ്ങള്‍ പടര്‍ത്തുമെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് കശ്മീരിലെ പൂച്ച ഉടമകള്‍ ആശങ്കയിലെന്ന് റിപോര്‍ട്ടുകള്‍. നിരവധി പേരാണ് സ്വന്തം പൂച്ചകളുമായി മൃഗാശുപത്രികളില്‍ എത്തുന്നത്.


വാക്‌സിന്‍ നല്‍കി പൂച്ചയെ സുരക്ഷിതമാക്കി നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. മൃഗാശുപത്രികളില്‍ പൂച്ചകളും അവരുടെ ഉടമകളും നിറഞ്ഞതോടെ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു. ശുചിത്വം പാലിക്കുന്നിടത്തോളം കാലം പൂച്ചകളെ വളര്‍ത്തുന്നതില്‍ ഒരു ദോഷവുമില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രസ്താവന പറയുന്നു.


കശ്മീരില്‍ പൂച്ചകളുടെ എണ്ണം കൂടിവരുകയാണെന്നും അവ രോഗങ്ങള്‍ക്ക് കാരണമാവുന്നുമെന്നുമുള്ള പ്രചാരണം ജനുവരിയിലാണ് ചിലര്‍ തുടങ്ങിയത്. പൂച്ചകള്‍ മാരകമായ രോഗങ്ങള്‍ പടര്‍ത്തുമെന്നും ഗര്‍ഭം അലസുന്ന തരത്തിലുള്ള രോഗങ്ങളുണ്ടാക്കുമെന്നും പ്രചരണമുണ്ടായി. ഇതോടെ നിരവധി പേര്‍ പൂച്ചകള്‍ക്കെതിരെ രംഗത്തെത്തി.


പൂച്ചകള്‍ക്കെതിരായ പ്രചരണങ്ങള്‍ തന്നെ ആശങ്കയിലാക്കിയെന്ന് ശ്രീനഗറിലെ ബിസിനസുകാരനായ മിര്‍ മുബാഷിര്‍ പറഞ്ഞു. അതിനാല്‍ തന്റെ ലിഗര്‍ എന്ന പേര്‍ഷ്യന്‍ പൂച്ചക്കുട്ടിയെ മൃഗഡോക്ടറുടെ അടുത്തുകൊണ്ടുപോയി പരിശോധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലും ഫെബ്രുവരിയിലും 1,010 പൂച്ചകളെയാണ് മൃഗഡോക്ടര്‍മാര്‍ പരിശോധിച്ചതെന്നും 2025ല്‍ ഇത് 2,594 ആയി ഉയര്‍ന്നെന്നും ശ്രീനഗറിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ അല്‍താഫ് ഗീലാനി പറഞ്ഞു. പൂച്ചകള്‍ക്ക് പതിവായി വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ നല്‍കിയാല്‍ അപകടസാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.


ലോകത്തിലെ ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ കശ്മീരിലെ ജനങ്ങള്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പൂച്ചകളെ വളര്‍ത്താറുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി 2019ല്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ കൂടുതല്‍ പേര്‍ പൂച്ചകളെ വളര്‍ത്താന്‍ തുടങ്ങി. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തും വളര്‍ത്തുപൂച്ചകളുടെ എണ്ണം കൂടി.