എസ്‌ഐആറില്‍ ജാതി കോളം ഉള്‍പ്പെടുത്തി ജാതി സെന്‍സസ് ആക്കണം: അഖിലേഷ് യാദവ്
ലഖ്‌നോ: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) ജാതി കോളവും ഉള്‍പ്പെടുത്തണമെന്ന് സമാജ് വാദി പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് അഖിലേഷ് യാദവ്. അതോടെ എസ്‌ഐആര്‍ പ്രാഥമിക ജാതി സെന്‍സസും ആവുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അത് സര്‍ക്കാരുകളെ സഹായിക്കും. '' നിലവില്‍ സര്‍ക്കാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്ന വലിയ ചെലവുള്ള പദ്ധതി നടപ്പാക്കുന്നു. അതില്‍ ഒരു ജാതി കോളവും കൂടി ഉള്‍പ്പെടുത്തണം. അതോടെ ജാതികളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാവും.''-അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്ത് എത്ര ജാതികളുണ്ടെന്നും ഇതോടെ തിട്ടപ്പെടുത്താം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്ന നയങ്ങള്‍ കൊണ്ടുവരാന്‍ അത് സര്‍ക്കാരിനെ സഹായിക്കും. എസ്‌ഐആര്‍ നടപ്പാക്കാനുള്ള ഉത്തര്‍പ്രദേശിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ പിന്നാക്കക്കാരും ദലിതുകളും ന്യൂനപക്ഷങ്ങളും ഇല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.