കശുവണ്ടി ഇറക്കുമതി: ഇഡി ഉദ്യോഗസ്ഥനെതിരേ കൈക്കൂലി പരാതി നല്‍കിയ വ്യവസായിക്ക് മുന്‍കൂര്‍ജാമ്യമില്ല

Update: 2025-12-02 07:23 GMT

ന്യൂഡല്‍ഹി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ വ്യവസായി അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഈ കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് അനീഷ് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, അനീഷ് ബാബു നല്‍കിയ കേസ് നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ കള്ളപ്പണ ഇടപാട് കേസില്‍ അനീഷ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് അനീഷ് ബാബുവിന് എതിരായ കേസ്. ഇരുപത്തഞ്ച് കോടിയോളം രൂപയാണ് അനീഷ് ബാബു തട്ടിയെടുത്തതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച പരാതി. കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ അനീഷ് ബാബു സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്. അതേസമയം, കേസ് ഒതുക്കാന്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടരക്കോടി കൈക്കൂലി ചോദിച്ചെന്നാണ് അനീഷ് ബാബു വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നത്.