അഷ്‌റഫിന്റെയും അബ്ദുല്‍ റഹ്‌മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍ തയ്യാറെടുത്ത എസ്ഡിപിഐ നേതാക്കള്‍ക്കെതിരേ കേസ്
മംഗളൂരു: കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെയും ബണ്ട്വാളില്‍ അബ്ദുല്‍ റഹ്‌മാനെയും ഹിന്ദുത്വര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാന്‍ തയ്യാറെടുത്ത എസ്ഡിപിഐ നേതാക്കള്‍ക്കെതിരേ കേസെടുത്തു. എസ്ഡിപിഐ ദക്ഷിണകന്നഡ ജില്ലാ സെക്രട്ടറി അഷ്‌റഫ് തലപ്പാടിക്കും മറ്റു ഭാരവാഹികള്‍ക്കുമെതിരെയാണ് കേസ്.
ബണ്ട്വാളില്‍ ജൂലൈ നാലിന് പ്രതിഷേധം നടത്താനാണ് പാര്‍ട്ടി അനുമതി തേടിയിരുന്നത്. എന്നാല്‍, പോലിസ് അനുമതി നിഷേധിച്ചു. കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കാനാണ് ബണ്ട്വാള്‍ പോലിസ് എസ്ഡിപിഐ നേതാക്കളോട് പറഞ്ഞത്. കേസിലെ മുഖ്യപ്രതികളെ പോലിസ് സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും വാട്ട്‌സാപ്പില്‍ നടന്ന പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് എസ്ഡിപിഐ നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തത്.
ഏപ്രില്‍ 27നാണ് കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. കേസില്‍ പ്രധാന പ്രതികളെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. മേയ് 27ന് ബണ്ട്വാളില്‍ വച്ച് അബ്ദുല്‍ റഹ്‌മാനെയും ഹിന്ദുത്വര്‍ വെട്ടിക്കൊന്നു. ഈ കേസിലെ മുഖ്യപ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.