മലയാളിയെ വ്യാജബലാല്‍സംഗ കേസില്‍ കുടുക്കിയ സംഭവം; പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കി
ബെംഗളൂരു: തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പൂജാരിയുടെ ബന്ധുവിനെ വ്യാജപീഡനക്കേസില്‍ പെടുത്തിയവര്‍ക്കെതിരേ ബെംഗളൂരു പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരുവിലെ മസാജ് സെന്റര്‍ ജീവനക്കാരിയായ രത്ന (38), പെരിങ്ങോട്ടുകര സ്വദേശികളായ കെ ഡി ശ്രീരാഗ് (30), കെ യു സ്വാമിനാഥന്‍ (50), കെ ഡി ദേവദാസ് (50), കെ ഡി വേണുഗോപാല്‍ (71), രജത (40) എന്നിവരുടെ പേരിലാണ് കുറ്റപത്രം നല്‍കിയത്. രത്ന നല്‍കിയ പീഡനക്കേസില്‍ ദേവസ്ഥാനം പൂജാരി ഉണ്ണി ദാമോദരന്റെ മരുമകന്‍ ടി എ അരുണിനെ ബെംഗളൂരു പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഈ കേസ് വ്യാജമാണെന്നും രത്നയെ മുന്‍നിര്‍ത്തി മറ്റുചിലര്‍ അരുണിനെ കേസില്‍പ്പെടുത്തുകയായിരുന്നെന്നും ആരോപിച്ച് ഉണ്ണി ദാമോദരന്റെ മകള്‍ ഉണ്ണിമായ നല്‍കിയ പരാതിയിലാണ് ബെംഗളൂരു ബാനസവാടി പോലിസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, ഇയാളുടെ സഹായികളായ സജിത്, മുഹമ്മദ് ആലം എന്നിവരെ അറസ്റ്റുചെയ്തു. കേസിലെ മറ്റു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു.