കൊച്ചി: ബോഡി മസാജ് ചെയ്യാന്‍ സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലിസുകാരനില്‍ നിന്നും നാലുലക്ഷം രൂപ തട്ടിയെടുത്ത എസ്‌ഐക്കെതിരേ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ കെ ബൈജുവാണ് ഒന്നാം പ്രതി. ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടുത്തെ ജീവനക്കാരന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
നിലവില്‍ കൊച്ചി സിറ്റി എആര്‍ ക്യാംപിലുള്ള മരട് സ്വദേശിയായ പോലിസുകാരനാണ് പണം നഷ്ടമായത്. ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാള്‍ ബോഡി മസാജ് ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. പിറ്റേന്നു രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പോലിസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താന്‍ ഊരിവച്ചിരുന്ന മാല ഇപ്പോള്‍ കാണുന്നില്ലെന്നും മാലയോ അല്ലെങ്കില്‍ പണമായി ആറര ലക്ഷം രൂപയോ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്നും കേസു കൊടുക്കാനുമായിരുന്നു പോലിസുകാരന്റെ മറുപടി. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്‌ഐ ബൈജു മുഖേനെ നാലു ലക്ഷം രൂപ പോലീസുകാരനില്‍ നിന്ന് തട്ടി എന്നാണ് കേസ്. വീണ്ടും പണം വേണമെന്ന ആവശ്യം ഇവരില്‍ നിന്ന് ഉയര്‍ന്നതോടെ പോലിസുകാരന്‍ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.