'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസെടുത്തു; എഴുത്തുകാരന്‍ കുഞ്ഞബ്ദുല്ല ഒന്നാം പ്രതി

Update: 2025-12-17 15:08 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന ഗാനത്തിനെതിരായ പരാതിയില്‍ പോലിസ് കേസെടുത്തു. പാട്ടെഴുതിയ നാദാപുരം സ്വദേശിയായ കുഞ്ഞബ്ദുള്ള എന്ന പ്രവാസി വ്യവസായിയാണ് ഒന്നാം പ്രതി.ഡാനിഷ് എന്ന ഗായകൻ, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു.

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നും ആരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു സൈബര്‍ പോലിസ് കേസെടുത്തത്. കോണ്‍ഗ്രസും ലീഗും ഗുരുതരമായ ധ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തില്‍ പാരഡി ഗാനം ഉപയോഗപ്പെടുത്തി എന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും ആരോപിച്ചിരുന്നു.