മലപ്പുറം: ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതിക്കെതിരേ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്ക്കെതിരെയാണ് കേസ്. ഇവര്‍ കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു. റിട്ടേണിംഗ് ഓഫിസര്‍ കൊണ്ടോട്ടി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, വടക്കാഞ്ചേരിയിലും സമാനസംഭവം ഉണ്ടായി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്.