രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

Update: 2025-12-03 14:44 GMT

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ പരാതിയിലാണ് കേസ്. ഈ പരാതി കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചാണ് ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തേയും കേസിന്റെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് മൊഴിയെടുക്കുകയാകും അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി.

ബെംഗളൂരു സ്വദേശിനിയായ യുവതി ഇ-മെയിലിലൂടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചിരുന്നത്. പരാതി ചൊവ്വാഴ്ച പകല്‍ 12:47-നാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചത്. രാഹുലിന്റെ പേരില്‍ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് ഇതെന്നാണ് സൂചന. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. കെപിസിസി നേതൃത്വം ലഭിച്ച പരാതിയില്‍ മൊഴിയെടുത്ത് എസ്ഐടി തുടര്‍നടപടികളിലേക്ക് കടന്നേക്കും.ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം തുടങ്ങിയ പരാതികളില്‍ കേസുള്ള രാഹുല്‍ മാറി നില്‍ക്കുകയാണ്. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.