സോഫിയാ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2025-05-14 11:34 GMT

ഭോപാല്‍: കേണല്‍ സോഫിയ ഖുറൈശിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി കുന്‍വാര്‍ വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിയുടെ പ്രസ്താവനകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹരജിയിലാണ് ജസ്റ്റിസുമാരായഅതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും തകര്‍ക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

'' സ്വഭാവദാര്‍ഡ്യം, ത്യാഗം, നിസ്വാര്‍ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവയുള്ള രാജ്യത്തെ അവസാന ശക്തികേന്ദ്രമാണ് സൈന്യം. ഇത് ഏതൊരു പൗരനും തിരിച്ചറിയാം. അതിനെയാണ് മിസ്റ്റര്‍ വിജയ് ഷാ ലക്ഷ്യമിട്ടത്. ....ഇത് കാന്‍സര്‍ പോലെ അപകടകരമാണ്....പെഹല്‍ഗാം ആക്രമണം നടത്തിയവരുടെ സഹോദരിയാണ് കേണല്‍ ഖുറൈശി എന്ന മന്ത്രിയുടെ പ്രസ്താവന വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നു''-കോടതി പറഞ്ഞു.

കൂടാതെ മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ശത്രുത കാണിച്ചു എന്ന വകുപ്പും ചേര്‍ക്കണം. ഇസ്‌ലാം മത വിശ്വാസിയായ കേണല്‍ സോഫിയ ഖുറൈശിയെ തീവ്രവാദികളുടെ സഹോദരി എന്നു വിളിച്ചപ്പോള്‍ തന്നെ ഈ വകുപ്പ് ബാധകമാണ്. ഇന്ന് വൈകീട്ട് തന്നെ ഡിജിപി കേസെടുക്കണം. ഇല്ലെങ്കില്‍ ഡിജിപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറൈശിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.