കരോള്‍ സംഘത്തെ ആര്‍എസ്എസുകാരന്‍ ആക്രമിച്ചത് മദ്യ ലഹരിയിലെന്ന് പോലിസ്

Update: 2025-12-24 02:40 GMT

പാലക്കാട്: പുതുശ്ശേരി സുരഭി നഗറില്‍ കരോള്‍ സംഘത്തെ ആര്‍എസ്എസുകാരന്‍ ആക്രമിച്ചത് മദ്യലഹരിയിലെന്ന് പോലിസ്. പിടിയിലായ അശ്വിന്‍ രാജിനെ കൂടാതെ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലിസ് അവകാശപ്പെട്ടു. മദ്യപിച്ചാണ് പ്രതി അക്രമം നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലിസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കുരുടിക്കാട് സുരഭി നഗറില്‍ പത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളടങ്ങുന്ന കാരള്‍ സംഘത്തെ കാണാണ്ടിത്തറ സ്വദേശി അശ്വിന്‍രാജ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. മദ്യപിച്ചെത്തിയ അശ്വിന്‍രാജ് ബാന്‍ഡ് വാദ്യങ്ങളുമായെത്തിയ കുട്ടികളെ തടഞ്ഞുനിര്‍ത്തി ഡ്രമ്മുകള്‍ ചവിട്ടിയും അടിച്ചും തകര്‍ത്തുവെന്നാണ് കേസ്. അടിപിടി, കഞ്ചാവു കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് കാപ്പ നടപടി നേരിട്ട ഇയാളെ 2023ല്‍ ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. തിരിച്ചെത്തി വീണ്ടും അക്രമത്തില്‍ ഏര്‍പ്പെട്ടതിനാല്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ ചെയ്തത്. കുട്ടികള്‍ മദ്യപിച്ചിരുന്നുവെന്നായിരുന്നു ആരോപണം.