ലഖ്‌നോ: ഇരട്ടക്കൊല കേസില്‍ 'നരഭോജി' രാം നിരഞ്ജന്‍ എന്ന രാജ കൊലാന്തറിനും സഹായി ബക്ഷ്‌രാജ് കോളിനും ഇരട്ടജീവപര്യന്തം. ലഖ്‌നോവിലെ നഖ പ്രദേശത്ത് 2000ത്തില്‍ ബിസിനസുകാരനായ മനോജ് സിങിനെയും ഡ്രൈവര്‍ രവി ശ്രീവാസ്തവയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി രോഹിത് സിങ് നിര്‍ദേശിച്ചു. ബിസിനസുകാരന്‍ എന്ന നിലയില്‍ മനോജ് സിങ് സമൂഹത്തില്‍ നേടിയ അംഗീകാരത്തിലെ അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ അറിയിച്ചു.
ബക്ഷ്‌രാജ് കോള്‍ (LEFT), രാജ കൊലാന്തര്‍ (RIGHT)
നിലവില്‍ 20 കൊലക്കേസുകളില്‍ പ്രതിയാണ് രാജ കൊലാന്തര്‍. കൊല്ലുന്നവരുടെ തലയോട്ടികള്‍ ശേഖരിക്കുക, മാംസം ഭക്ഷിക്കുക, തലച്ചോര്‍ കറി വയ്ക്കുക, രക്തം കൊണ്ട് സൂപ്പ് ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളും ഇയാള്‍ ചെയ്തിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സീരിയല്‍ കില്ലറായ ഇയാള്‍ 2000ത്തില്‍ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്നു.
അലഹബാദ് സ്വദേശിയായ ഇയാള്‍ ആദ്യകാലത്ത് ഒരു ആയുധനിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. സ്വയം രാജാവ് എന്ന് വിളിക്കുന്ന ഇയാള്‍ക്ക് ആരെയും 'ശിക്ഷിക്കാനുള്ള അവകാശമുണ്ടായിരുന്നു'. സ്വന്തം ഭാര്യയെ ഫൂലന്‍ ദേവിയെന്നാണ് ഇയാള്‍ വിളിച്ചത്. മക്കള്‍ക്ക് അദാലത്ത് എന്നും സമാനത്ത് എന്നും പേരിട്ടു. 2000ല്‍ അറസ്റ്റിലായപ്പോള്‍ ഇയാളുടെ ഫാംഹൗസില്‍ നിന്നും 14 തലയോട്ടികള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരത്തെ ഫൂലന്‍ദേവിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകനായ ധീരേന്ദ്ര സിങിനെ കൊന്ന കേസില്‍ 2012ല്‍ രാജ കൊലാന്തറിനെയും ബക്ഷ്‌രാജ് കോളിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ധീരേന്ദ്ര സിങിനെ നാട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു എന്നതായിരുന്നു കാരണം. തന്റെ സഹോദരി ആരാധിച്ചിരുന്നതായും രാജ കൊലാന്തര്‍ സംശയിച്ചു. തുടര്‍ന്ന് വാര്‍ത്ത നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. 63കാരനായ രാജ കൊലാന്തര്‍ ഇപ്പോള്‍ ലഖ്‌നോ ജില്ലാ ജയിലിലാണുള്ളത്. ബക്ഷ്‌രാജ് കോള്‍ അലഹബാദ് ജയിലിലാണ്.ഇയാളെ കുറിച്ച് ' ഇന്ത്യന്‍ പ്രിഡേറ്റര്‍: ദി ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍' എന്ന പേരില്‍ ഡോക്യുമെന്ററിയുണ്ട്.
