അങ്കിത ഭണ്ഡാരിയുടെ കൊലപാതകം; മുതിര്‍ന്ന ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

Update: 2026-01-02 06:18 GMT

ഡെറാഡൂണ്‍: സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. കൊലപാതകം നടന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അങ്കിതക്ക് നീതി ആവശ്യപ്പെട്ട് പുതുവര്‍ഷത്തില്‍ നിരവധി പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളും റാലികളും നടന്നു. ജനുവരി നാലിന് ഡെറാഡൂണ്‍ ചലോ മാര്‍ച്ച് നടക്കും. 2022 സെപ്റ്റംബര്‍ 18നാണ് അങ്കിതയെ കാണാതായത്. 24ന് കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തി.

കൊലക്കേസില്‍ ബിജെപി മുന്‍ നേതാവിന്റെ മകന്‍ പുല്‍കിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കര്‍, അങ്കിത് ഗുപ്ത എന്നിവരെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ ഒരു വിഐപിക്ക് പങ്കുണ്ടെന്ന ആരോപണം 2022ല്‍ തന്നെ ഉയര്‍ന്നു. താന്‍ ദരിദ്രയാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്ന് അങ്കിത പറയുന്ന ഒരു സന്ദേശവും പോലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ല. റിസോര്‍ട്ടില്‍ എത്തിയ ഒരു വിഐപി അങ്കിതയെ ലൈംഗികമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചെന്നും അങ്കിത അതിന് വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി മുന്‍ എംഎല്‍എ സുരേഷ് റാത്തോഡിന്റെ ഭാര്യ ഊര്‍മിള സനാവര്‍ വെളിപ്പെടുത്തിയതാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

ഘട്ടു എന്ന പേരില്‍ അറിയപ്പെടുന്ന മുതിര്‍ന്ന ബിജെപി നേതാവാണ് അങ്കിതയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നാണ് ഊര്‍മിള പറയുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുശ്യന്ത് ഗൗതവും മറ്റൊരു മുതിര്‍ന്ന നേതാവുമാവാം ഇവരെന്ന് പറയുന്ന ഒരു ഓഡിയോ ക്ലിപ്പും ഊര്‍മിള പുറത്തുവിട്ടു. എന്നാല്‍, ഈ ക്ലിപ്പ് എഐ നിര്‍മിതമാണെന്ന് സുരേഷ് റാത്തോഡ് പറഞ്ഞു. തനിക്ക് കേസുമായി ബന്ധമില്ലെന്ന് ദുശ്യന്ത് ഗൗതവും പറഞ്ഞു. വിഐപി ആരെന്ന് പുറത്തുവരാത്തതില്‍ ബിജെപിയില്‍ തന്നെ പ്രതിഷേധം ശക്തമാണ്. നിരവധി വനിതാ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അങ്കിത് ബാഹുഖണ്ഡിയും ഇന്നലെ പാര്‍ട്ടി വിട്ടു. എല്ലാവരും വിഐപിയെ കുറിച്ച് സംസാരിക്കുമ്പോള്‍ മിണ്ടാതെ ഇരിക്കാനാവില്ലെന്നാണ് അങ്കിത് പറഞ്ഞത്.