ഒരു പ്രദേശത്ത് പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയ പള്ളികള്‍ക്ക് അനുമതി നിഷേധിക്കാനാവുമോ? : സുപ്രിംകോടതി

Update: 2026-01-12 07:06 GMT

ന്യൂഡല്‍ഹി: ഒരു പ്രദേശത്ത് പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു മുസ്‌ലിം പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാവുമെന്ന് സുപ്രിംകോടതി. നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കിമാറ്റാന്‍ നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം നല്‍കിയ അപേക്ഷ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 പള്ളികളുണ്ടെന്ന് ആരോപിച്ചായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ാേസുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അവിടെ പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രിംകോടതി ചോദിച്ചു. തുടര്‍ന്ന് കലക്ടര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. കേസില്‍ തീരുമാനമാവും വരെ പള്ളി നിര്‍മാണത്തിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുമെന്നും കോടതി പറഞ്ഞു.