ജീവനാംശം വേണമെന്ന് സ്ത്രീ 'ലിവ് ഇന്‍ പാര്‍ട്ടണര്‍': നല്‍കില്ലെന്ന് വയോധികനായ പുരുഷന്‍; പരിശോധിക്കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ജീവനാംശം വേണമെന്ന ലിവ് ഇന്‍ പാര്‍ട്ണറുടെ ആവശ്യത്തെ ചോദ്യം ചെയ്ത് വയോധികന്‍ സുപ്രിംകോടതിയെ സമീപിച്ചു. വയോധികന്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ക്ക് ജീവനാംശം നല്‍കണമെന്ന് വടകര കുടുംബകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. '' വയോധികനും സ്ത്രീയും 2005 മുതല്‍ ഒരു വീട്ടില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി ജീവിക്കുന്നു എന്നാണ് സ്ത്രീ വാദിക്കുന്നത്. സിആര്‍പിസിയിലെ സെക്ഷന്‍ 125 ഒരു ഗുണകരമായ നിയമനിര്‍മ്മാണമായതിനാല്‍ വിവാഹത്തിന് കര്‍ശനമായ തെളിവ് ആവശ്യമില്ല. കക്ഷികള്‍ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചതിനാല്‍ വിവാഹബന്ധമുണ്ടെന്ന് അനുമാനിക്കാം. അങ്ങനെ സ്ഥാപിക്കപ്പെട്ടാല്‍, ജീവനാംശം നിഷേധിക്കാന്‍ കഴിയില്ല.''-ഹൈക്കോടതി പറഞ്ഞു.
തുടര്‍ന്നാണ് വയോധികന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. സിആര്‍പിസിയിലെ 125ാം വകുപ്പു പ്രകാരമുള്ള ജീവനാശം നിയമപ്രകാരമുള്ള ഭാര്യക്ക് മാത്രമാണെന്ന് വയോധികന്‍ ഹരജിയില്‍ വാദിച്ചു. തുടര്‍ന്നാണ് എതിര്‍കക്ഷിയായ സ്ത്രീക്കും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടിസ് അയച്ചത്. വടകര കുടുംബകോടതിയിലെ കേസിലെ നടപടികള്‍ സ്റ്റേയും ചെയ്തു. ഒരു പുരുഷനും സ്ത്രീയും ദീര്‍ഘകാലം ഒരുമിച്ച് താമസിച്ചാല്‍ അവര്‍ക്കിടയില്‍ നിയമപരമായ വിവാഹം ഉണ്ടെന്ന് അനുമാനിക്കാന്‍ കഴിയുമോയെന്ന കാര്യം നിലവില്‍ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജീവനാംശം, ഗാര്‍ഹിക പീഡനം എന്നീ നിയമങ്ങള്‍ ഈ ബന്ധങ്ങളില്‍ ബാധകമാണോ എന്നതും പരിശോധനാ വിഷയമാണ്.
