''ഒരു ആദിവാസിയുടെ മകന് എന്റെ മകനുമായി മല്‍സരിക്കാനാവുമോ?'' എസ്‌സി-എസ്ടി സംവരണത്തില്‍ ക്രീമിലെയര്‍ ഒഴിവാക്കിയത് ശരിയെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്
ന്യൂഡല്‍ഹി: എസ്‌സി-എസ്ടി സംവരണത്തില്‍ നിന്നും ക്രീമിലെയര്‍ ഒഴിവാക്കിയ വിധി ശരിയായിരുന്നുവെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്. ചീഫ്ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ചതിന് പിന്നാലെ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ദലിത് സമുദായം എന്നെ രൂക്ഷമായി വിമര്‍ശിച്ചു. വിധി എഴുതുന്ന സമയത്ത് നിരവധി കാര്യങ്ങള്‍ എന്റെ മനസില്‍ വന്നിരുന്നു. ഒരു ആദിവാസി പ്രദേശത്തെ ആദിവാസിയുടെ മകന് ജഡ്ജിയായ എന്റെ മകനുമായി മല്‍സരിക്കാനാവുമോ? എന്റെ മകന് നല്ല വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിച്ചിട്ടുണ്ടാവും. അവര്‍ തമ്മില്‍ മല്‍സരിക്കുന്നത് തുല്യതയാണോ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ മനസില്‍ വന്നു. ആ സമയത്തെ എന്റെ ഒരു ക്ലര്‍ക്ക് മഹാരാഷ്ട്രയിലെ എസ്‌സി സമുദായക്കാരനായിരുന്നു. അയാളുടെ പിതാവും സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്നു. തന്റെ മകന് എസ്‌സി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വേണ്ടെന്നാണ് ക്ലര്‍ക്ക് എന്നോട് പറഞ്ഞത്. രാഷ്ട്രീയക്കാര്‍ക്ക് മനസിലാവാത്ത കാര്യം അയാള്‍ക്ക് മനസിലായി.''-ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. സാമൂഹിക-സാമ്പത്തിക തുല്യതയുണ്ടായില്ലെങ്കില്‍ ജനാധിപത്യം ചീട്ടുകൊട്ടാരം പോലെ തകരുമെന്നാണ് 1949 നവംബര്‍ 25ന് ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞതെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം സുപ്രിംകോടതി ചീഫ്ജസ്റ്റിസായ രണ്ടാം ദലിത് സമുദായ അംഗമാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്. പക്ഷേ, ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിതാവ്, ഡോ. ബി ആര്‍ അംബേദ്ക്കര്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ചിരുന്നു.