''റൈഫിള്‍ കൊണ്ട് ഒരാള്‍ക്ക് സ്വന്തം നെഞ്ചില്‍ വെടിവയ്ക്കാനാവുമോ ?'' യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാദം പുനപരിശോധിക്കണമെന്ന് സുപ്രിംകോടതി

Update: 2025-09-02 14:30 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശ് പോലിസ് ആത്മഹത്യയായി ചിത്രീകരിച്ച മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. റൈഫിള്‍ ഉപയോഗിച്ച് സ്വന്തം നെഞ്ചില്‍ വെടിവച്ച് യുവാവ് ആത്മഹത്യ ചെയ്‌തെന്ന മധ്യപ്രദേശ് പോലിസിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്. മരണത്തിന് കാരണമായ തോക്കിന്റെ വലുപ്പം അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം പോലിസ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തന്റെ മകന്റെ മരണം കൊലപാതകമാണെന്നും പോലിസ് അതിനെ ആത്മഹത്യയായി ചിത്രീകരിച്ചെന്നും ആരോപിച്ച് അരുണ്‍ കുമാര്‍ രഘുവംശി എന്നയാള്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. തന്റെ പതിനേഴുകാരനായ മകനെ ഭോപ്പാലിലെ ട്രെയ്‌നിങ് അക്കാദമിയില്‍ വച്ച് കൊലപ്പെടുത്തിയെന്നാണ് രഘുവംശി ആരോപിക്കുന്നത്. ചിലര്‍ തന്റെ മകനെ പിടിച്ചുവച്ച ശേഷം ഫോണ്‍ പിടിച്ചെടുത്ത് അതില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കിയെന്നും ഹരജി ആരോപിക്കുന്നു. എന്നാല്‍, പതിനേഴുകാരന്റെ മരണം ആത്മഹത്യയാണെന്നാണ് പോലിസ് പറയുന്നത്. ആ വാദത്തിലെ സംശയങ്ങള്‍ തീര്‍ക്കാനാണ് ഇന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്.