കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ പാകിസ്താനില്‍ നിന്ന് വന്നതാണോയെന്ന് ബിജെപി നേതാവ്

Update: 2025-05-26 15:09 GMT

ബംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരാന്നം ഐഎഎസിനെതിരേ വംശീയ-വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍ രവികുമാര്‍. മേയ് 24ന് നടന്ന ഒരു പരിപാടിയിലാണ് രവികുമാര്‍ വംശീയ-വിദ്വേഷ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പോലിസ് കേസെടുത്തു.


കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയെ 'പട്ടിയെന്ന്' വിളിച്ച ബിജെപി നേതാവ് ചലാവതി നാരായണസ്വാമിയെ മേയ് 21ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറ്റാപൂരിലെ ഗസ്റ്റ് ഹൗസില്‍ പൂട്ടിയിട്ടിരുന്നു. ഇക്കാര്യത്തില്‍ ഫൗസിയ മതിയായ നടപടിയെടുത്തില്ലെന്ന് പറഞ്ഞാണ് ബിജെപി അവരുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധം ഉദ്ഘാടനം ചെയ്താണ് രവികുമാര്‍ വംശീയ-വിദ്വേശ പരാമര്‍ശം നടത്തിയത്.

ബിജെപിയുടെ വിദ്വേഷ മനോഭാവമാണ് രവികുമാറിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കൂടിയായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഇന്ത്യക്കാരെ ഇങ്ങനെ വിളിക്കുന്നവര്‍ ഇന്ത്യക്കാര്‍ ആണെന്ന് പറയാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ കല്‍ബുര്‍ഗി സ്വദേശിയായ ദത്താത്രേയ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.