''കേസ് ഡയറിയില്‍ പോലിസ് കൃത്രിമം കാണിച്ചു''; ഡല്‍ഹി കലാപക്കേസില്‍ മൂന്നു മുസ്‌ലിം യുവാക്കളെ വെറുതെവിട്ടു
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രതിഷേധ കാലത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ ആരോപണവിധേയരായ മുസ്‌ലിം യുവാക്കളെ കോടതി വെറുതെവിട്ടു. ചാന്ദ്ബാഗിലെ ഹീറോ ഷോറൂമിന് തീയിട്ടെന്ന കേസില്‍ പ്രതിചേര്‍ത്ത അഖില്‍ അഹമദ്, റഹീസ് ഖാന്‍, ഇര്‍ഷാദ് എന്നിവരെയാണ് കാര്‍ക്കദൂമ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍വീണ്‍ സിംഗ് വെറുതെവിട്ടത്. പോലിസ് ക്രൂരമായാണ് അന്വേഷണം നടത്തിയതെന്നും കേസ് ഡയറിയില്‍ കൃത്രിമം കാണിച്ചുവെന്നും തെളിവുകള്‍ പരിശോധിച്ച് ജഡ്ജി ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യസാക്ഷിയായി പോലിസ് അവതരിപ്പിച്ച ഒരു കോണ്‍സ്റ്റബിള്‍ മറ്റു മൂന്നു പേരാണ് ഷോറൂം കത്തിച്ചതെന്ന് ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലിസ് കേസ് ഡയറിയില്‍ കൃത്രിമം കാണിച്ചെന്നും കോടതി കണ്ടെത്തി. ഈ കുറ്റാരോപിതരെ പോലിസ് എങ്ങനെ പ്രതിയാക്കിയെന്നതില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കുറ്റാരോപിതരെ വെറുതെവിട്ട് ഉത്തരവായത്.