''ഒരാളെ പാകിസ്താനിയെന്ന് വിളിക്കുന്നത് മോശം കാര്യം; പക്ഷെ, മതവികാരം വ്രണപ്പെടുത്തില്ല'': സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒരാളെ പാകിസ്താനിയെന്ന് വിളിക്കുന്നത് മോശം കാര്യമാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രിംകോടതി. ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എം ഡി ഷമീമുദ്ദീനെ പാകിസ്താനിയെന്നും മിയാന്‍ എന്നും വിളിച്ചതിനെ തുടര്‍ന്ന് ഹരി നന്ദന്‍ സിങ് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് സുപ്രിംകോടതി നിരീക്ഷണം. ഉര്‍ദു വിവര്‍ത്തകന്‍ കൂടിയായ എം ഡി ഷമീമുദ്ദീന്‍ സര്‍ക്കാര്‍ വകുപ്പിലെ ആക്ടിങ് ക്ലെര്‍ക്കായിരുന്നു.
വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ഹരി നന്ദന്‍ സിങ്, എം ഡി ഷമീമുദ്ദീനെ സന്ദര്‍ശിച്ചത്. ഈ വിവരങ്ങള്‍ കൈമാറുന്ന സമയത്താണ് ഷമീമുദ്ദീനെ പാകിസ്താനിയെന്നും മിയാനെന്നും വിളിച്ച് അവഹേളിച്ചത്. തുടര്‍ന്ന് ഷമീമുദ്ദീന്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരി നന്ദന്‍ സിങ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.