''കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചു'': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി
ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി. ശശികല നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനും ശശികലയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനോരമ ന്യൂസ് ചാനലില്‍ 2017 ഒക്ടോബര്‍ രണ്ടിന് നടന്ന ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു ശശികലയുടെ ആരോപണം. ശശികലയുടെ പ്രസംഗം കേട്ട് കാസര്‍കോട്ടെ ഹിന്ദുത്വന്‍, ഫഹദ് എന്ന കുട്ടിയെ കൊലപ്പെടുത്തിയെന്ന ആരോപണമാണ് അന്ന് ചാനലില്‍ ചര്‍ച്ചയായത്. ഈ ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ വിഷകലയെന്ന് വിളിച്ചുവെന്നാണ് ശശികല കോടതിയില്‍ ആരോപിച്ചത്. കേവല വിമര്‍ശത്തിനപ്പുറം രാജ്‌മോഹന്‍ ഉണ്ണിത്താന്റേത് വ്യക്തി അധിക്ഷേപ പരാമര്‍ശമാണ് എന്ന് തെളിയിക്കാന്‍ കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജന്മഭൂമി റിപോര്‍ട്ടറെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയുമാണ് സാക്ഷികളായി കെ പി ശശികല കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഇവരുടെ സാക്ഷിമൊഴി വിശ്വാസത്തില്‍ എടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സാക്ഷികളായി ഹാജരാക്കിയവര്‍ പരാതിക്കാരിയുടെ രാഷ്ട്രീയ ആശയം പിന്തുടരുന്നവരും ആശയമപരമായി ഒപ്പം നില്‍ക്കുന്നവരുമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം കോടതിക്ക് മുന്നില്‍ ശരിവെയ്ക്കാന്‍ സംവാദ പരിപാടിയുടെ അവതാരകനും തയ്യാറായില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു അവതാരകന്റെ സാക്ഷി മൊഴി. ഇതും കോടതിയില്‍ കെ പി ശശികലയുടെ വാദങ്ങളെ ദുര്‍ബ്ബലമാക്കി. വിഷകലയെന്ന പരാമര്‍ശം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയെന്നോ, അതിന്റെ തെളിവ് ഹാജരാക്കാനോ, പ്രസ്താവന പൊതുമധ്യത്തിലുണ്ടെന്ന് തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. തെളിവുകളില്ലാതെ സംശയത്തിന്റെയും സാധ്യതകളുടെയും അടിസ്ഥാനത്തില്‍ ആരോപണ വിധേയനെ കുറ്റക്കാരനെന്ന് കണ്ടെത്താനാവില്ലെന്നും കോടതി പറഞ്ഞു.
