''രണ്ടുദിവസം ജയിലില്‍ കിടന്നാല്‍ സ്വര്‍ഗം ഇടിഞ്ഞുവീഴില്ല'';മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇടക്കാല ജാമ്യമില്ല

കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറിന്റെ മറവില്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സര്‍ ശര്‍മിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യമമില്ല. മറ്റുള്ളവരെ വേദനിപ്പിക്കാനല്ല അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നിഷേധിച്ചത്. '' നമ്മുടെ രാജ്യം വൈവിധ്യപൂര്‍ണ്ണമാണ്, വ്യത്യസ്ത ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ജാഗ്രത പാലിക്കണം''- കോടതി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് ബോളിവുഡ് താരങ്ങള്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയിലാണ് പൂനെ സ്വദേശിനിയായ ശര്‍മിഷ്ഠ ഇസ്‌ലാമിക വിശ്വാസത്തെയും മുസ്‌ലിംകളെയും മോശമാക്കി ചിത്രീകരിച്ചത്. തുടര്‍ന്ന് കൊല്‍ക്കത്ത സ്വദേശിയായ വജാഹത്ത് ഖാന്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. പോലിസ് കേസെടുത്തത് അറിഞ്ഞ് പൂനെയില്‍ നിന്നും മുങ്ങിയ ശര്‍മിഷ്ഠയെ ഹരിയാനയില്‍ നിന്നാണ് കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
ഈ റിമാന്‍ഡ് ഉത്തരവിനെ ചോദ്യം ചെയ്താണ് ശര്‍മിഷ്ഠ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടിസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് അവര്‍ പ്രധാനമായും വാദിച്ചത്. എന്നാല്‍, നോട്ടീസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നുവെന്ന് പോലിസ് ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയില്‍ പ്രതി നല്‍കിയ ജാമ്യഹരജി തള്ളിയതാണെന്നും പോലിസ് വിശദീകരിച്ചു. തുടര്‍ന്നാണ് ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി തള്ളിയത്. പോലിസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷം കേസ് ഇനി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍, അടിയന്തിരമായി കേള്‍ക്കണമെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍, രണ്ടു ദിവസം ജയിലില്‍ കിടന്നാല്‍ സ്വര്‍ഗമൊന്നും ഇടിഞ്ഞ് വീഴില്ലെന്ന് കോടതി പറഞ്ഞു.