വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍; കേരളത്തില്‍ നിന്നുള്ള എന്‍ജിഒകള്‍ ഭീഷണിയാവുമെന്ന് മുഖ്യമന്ത്രി

Update: 2025-08-28 08:06 GMT

ഗുവാഹത്തി: വ്യത്യസ്ത മതങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍. അസം പോലെ സെന്‍സിറ്റീവായ സംസ്ഥാനങ്ങളിലെ ഇത്തരം ഭൂമി ഇടപാടുകള്‍ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ശുപാര്‍ശ വന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അക്കാര്യം റെവന്യു വകുപ്പിനെ അറിയിക്കണം. റെവന്യുവകുപ്പിലെ നോഡല്‍ ഓഫിസര്‍ അത് പോലിസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയക്കും. തട്ടിപ്പ്, ഭീഷണി, നിയമവിരുദ്ധത, കള്ളപ്പണം തുടങ്ങിയ കാര്യങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. പിന്നീട് ഭൂമി ഇടപാട് ദേശസുരക്ഷയ്ക്ക് ഭീണഷിയാണോ എന്നും പരിശോധിക്കും.

കേരളം പോലുളള സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ജിഒകള്‍ വന്ന് അസമില്‍ ഭൂമി വാങ്ങുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ആ ഭൂമിയില്‍ അവര്‍ പല കാര്യങ്ങളും ചെയ്യുന്നു. അത് ഭാവിയില്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിനാല്‍, അസമിലെ എന്‍ജിഒകള്‍ക്കില്ലാത്ത നിയന്ത്രണം മറ്റു സംസ്ഥാനങ്ങളിലെ എന്‍ജിഒകള്‍ക്കുണ്ടാവും. വിദ്യാഭ്യാസ സ്ഥാപനമോ നഴ്‌സിങ് കോളജോ മെഡിക്കല്‍ കോളജോ സ്ഥാപിക്കാനും സ്‌പെഷ്യല്‍ ബ്രാഞ്ച് അനുമതി വേണം.