അമുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ കൂടുതല്‍ ഇളവ്; 2024 ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യയില്‍ എത്തിയവര്‍ക്കും അപേക്ഷ നല്‍കാം
ന്യൂഡല്‍ഹി: 2024 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ അയല്‍രാജ്യങ്ങളിലെ അമുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, എന്നീ രാജ്യങ്ങളിലെ അമുസ് ലിംകള്‍ക്ക് മാത്രമാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുക. നേരത്തെ 2014 ഡിസംബര്‍ ആയിരുന്നു കട്ട് ഓഫ് തിയ്യതി.
''അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ വിവേചനം നേരിടുന്ന, 2024 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് മതിയായ രേഖകള്‍ ഇല്ലാതെ തന്നെ പൗരത്വത്തിന് അപേക്ഷിക്കാം.''-അഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പറയുന്നു. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനാവില്ലെന്ന വ്യവസ്ഥ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്നതായിരുന്നു പ്രതിഷേധത്തിന് പ്രധാനമായും കാരണമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പിടികൂടി നാടുകടത്തുന്നത് ഈ നിയമത്തിന്റെ യുക്തിയുടെ ഭാഗമാണ്. ഏതൊരു മുസ്‌ലിമിന്റെയും പൗരത്വം ചോദ്യം ചെയ്യാനും തടങ്കല്‍ പാളയത്തില്‍ അടക്കാനും നിയമം കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു.
അസമില്‍ താമസിക്കുന്ന 12 ബംഗ്ലാദേശി ഹിന്ദുക്കള്‍ പൗരത്വത്തിന് അപേക്ഷിചെച്ചന്നും അതില്‍ രണ്ടു പേര്‍ക്ക് പൗരത്വം നല്‍കിയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. മറ്റു അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ബിഹാറിലെ പോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്തുമെന്ന ഭീതിയില്‍ പശ്ചിമബംഗാളിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ആളുകള്‍ രേഖകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ ഹിന്ദു കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ബിജെപി നേതാക്കള്‍ ചെയ്യുന്നുണ്ട്.
