ജയിലുകളിലെ തൊഴില്‍ വേതന വര്‍ധനവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി എ റഔഫ്

Update: 2026-01-14 16:49 GMT

കോഴിക്കോട്: കേരളത്തിലെ ജയിലുകളില്‍ ജോലികള്‍ ചെയ്യുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, ജയിലിലെ യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ തടവുകാരനായ സി എ റഊഫ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ജയിലുകളില്‍ തൊഴില്‍ ചെയ്യുന്ന തടവുകാരുടെ ദയനീയ അവസ്ഥയും നിലവിലെ വേതന സംവിധാനത്തിന്റെ അപര്യാപ്തതയും അദ്ദേഹം വിശദീകരിക്കുന്നത്.

കേരളത്തില്‍ ജയിലുകളില്‍ തൊഴില്‍ ചെയ്യുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത കാണാനിടയായി. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കുറിക്കാമെന്ന് കരുതിയെന്ന് റഊഫ് പറയുന്നു.

1. രാഷ്ട്രീയ തടവുകാരായി ജയിലില്‍ എത്തുന്നവരോട് മറ്റ് തടവുകാര്‍ സ്ഥിരമായി പറയുന്ന ഒരു കാര്യമാണ്, ജയിലിലെ അവസ്ഥകള്‍ പുറം ലോകത്തെ അറിയിച്ച് ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന്. അതിന്റെ കാരണം സംഘടനയില്ലാത്ത ഒരേയൊരു വിഭാഗം ജയിലുകളില്‍ തടവിലാക്കപ്പെട്ടവരാണ്.

2. പലജാതി മനുഷ്യര്‍ ജയിലുകളില്‍ കാണാനാവും. മോഷണക്കേസ്, കൊലപാതകക്കേസ്, പോക്‌സോ - പീഡന കേസ്, വഞ്ചന കേസ്, ലഹരിമരുന്ന് കേസ്, രാഷ്ട്രീയ കേസ് തുടങ്ങിയവയാണത്. ഏത് കാറ്റഗറിയില്‍ വരുന്നവരിലും നല്ലവരും ദുഷിച്ചവരും ഉണ്ട്.

3. ജയിലില്‍ ശിക്ഷാ തടവുകാരില്‍ കഠിന തടവിന് ശിക്ഷിച്ചവര്‍ ഏതെങ്കിലും തൊഴില്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. മറ്റ് ശിക്ഷാ തടവുകാരും അവരുടെ ശിക്ഷാ കാലാവധിക്ക് അനുസരിച്ച് തൊഴിലുകള്‍ ചെയ്യണം. അതേ സമയം റിമാന്‍ഡ് തടവുകാര്‍ തൊഴില്‍ ചെയ്യേണ്ടതില്ല. പക്ഷെ യുഎപിഎ പോലുള്ള നിയമങ്ങള്‍ വന്നതിന് ശേഷം കുറ്റാരോപിതര്‍ മാത്രമായവരുടെ തടവ് കാലം നീണ്ടു പോകുന്ന സാഹചര്യമുണ്ട്.

4. ജയിലുകളില്‍ ദീര്‍ഘകാലം വിചാരണതടവുകാരായി കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. അതുകൊണ്ട് തന്നെ അവരില്‍ പലരും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചും മറ്റും തൊഴില്‍ ചെയ്യുന്നുണ്ട്.

5. സാധാരണ ജയിലുകളില്‍ ആദ്യം ജോലിക്ക് കയറുമ്പോള്‍ അപ്രാന്റിസ് ആയിട്ടാണ് തുടങ്ങുക. തൊഴില്‍ ചെയ്യുന്ന ദിവസം 63 രൂപയാണ് വേതനം ലഭിക്കുക. ആറ് മാസം കഴിയുമ്പോള്‍ സൂപ്രണ്ട് ഇത് പരിശോധിച്ച് വേതനം വര്‍ധിപ്പിച്ച് കൊടുക്കും. അത് സാധാരണ ജോലിക്ക് 127 രൂപയാണ്. കിച്ചണ്‍ പോലുള്ള അധിക ജോലി വരുന്ന ഇടങ്ങളില്‍ ഇത് 168 രൂപവരെയാണ് ലഭിക്കുക. മറ്റ് വിദഗ്ധ ജോലിക്ക് 152 രൂപയും ലഭിക്കും.

6. ശിക്ഷിക്കപ്പെട്ടവരില്‍ മറ്റു കേസുകളില്‍ പെടാത്തവരും പരോള്‍ ലഭിക്കുന്നവരും നല്ല സ്വഭാവം രേഖപ്പെടുത്തിയവരുമായ തടവുകാരെ തുറന്ന ജയിലുകളിലേക്ക് അയക്കാറുണ്ട്. അവിടെ സാധാരണ വേതനം 170 രൂപയും വിദഗ്ധ ജോലിക്ക് 230 രൂപയുമാണ് വേതനം.

7. ഒരു നിശ്ചിത കോമ്പൗണ്ടിന് അകത്ത് മുഴുവന്‍ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ തൊഴില്‍ ചെയ്യുന്നവരുടെ അവസ്ഥ പരിതാപകരമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ തൊഴില്‍ ചെയ്താല്‍ ആകെ ലഭിക്കുന്നത് 63 രൂപയാണ്. അത് പരമാവധി 127 രൂപവരെയെ ആകൂ.

8. ഇത് നന്നേ കുറഞ്ഞ ഒരു തുകയാണ്. ചുരുങ്ങിയ പക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന് സമാനമാക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണോ അല്ലയോ എന്നതിനേക്കാള്‍ പ്രധാനം അവര്‍ മനുഷ്യരാണെന്ന പരിഗണനയാണ്. ഏതൊരാള്‍ക്കും അടിസ്ഥാന മനുഷ്യാവകാശം ലഭ്യമാക്കണമെന്നത് ഭരണഘടനയും നിയമങ്ങളും ഉറപ്പുനല്‍കുന്ന കാര്യമാണ്.

9. ജയിലുകളുടെ പേര് ഇപ്പൊള്‍ തടവ് കേന്ദ്രം എന്ന് മാത്രമല്ല; പരിവര്‍ത്തന കേന്ദ്രം എന്ന് കൂടിയാണ്. ആ നിലക്കുള്ള എന്തെങ്കിലും ശ്രമം അവിടെ നടക്കുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ടതാണ്. അത് മറ്റൊരു പോസ്റ്റില്‍ ആവാം.

10. തടവുകാരുടെ വേതനം വര്‍ധിപ്പിക്കുന്നു എന്ന വാര്‍ത്തയോട് വളരെ മോശമായ അഭിപ്രായങ്ങള്‍ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതണമെന്ന് തോന്നിയത്.

11. തൊഴില്‍ ചെയ്യുന്ന തടവുകാരില്‍ കൂടുതല്‍ പേരും പാവങ്ങളാണ്. മോഷണം, മയക്കുമരുന്ന്, ഗുണ്ടാപ്പണി തുടങ്ങിയ പ്രമാദമായ കേസുകളില്‍ പ്രതികളായവര്‍ ആരും ജയിലില്‍ പണിയെടുക്കാന്‍ മിനക്കെടാറില്ല. പകരം സാമൂഹ്യമായും സാമ്പത്തികമായും ശേഷി കുറഞ്ഞവരാണ് തൊഴില്‍ എടുക്കുന്നവരില്‍ കൂടുതലും. അവര്‍ എങ്ങനെയെങ്കിലും ഈ കാലമൊന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരാണ്. അവര്‍ പുറത്തിറങ്ങിയാല്‍ കുടുംബമൊത്തുള്ള ജീവിതം സ്വപ്നം കാണുന്നവരാണ്. അവര്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഫോണ്‍ ചെയ്യാനുമൊക്കെ പണം കണ്ടെത്തുന്നത് ഈ ജോലിയില്‍ നിന്നാണ്. അതില്‍ നിന്നും മിച്ചമുള്ളത് സ്വരൂപിച്ച് വെക്കുന്നത് റിലീസായി പോകുമ്പോള്‍ വല്ലതും കൈയ്യില്‍ കരുതാനാണ്. നിലവിലെ വേതനം അതിന് പര്യാപ്തമായതല്ല.

12. നിലവില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചു എന്ന നിലക്കുള്ള വാര്‍ത്ത ശരിയാണോ എന്നറിയില്ല. എനിക്ക് മനസ്സിലായത് വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടാകും. അതുപക്ഷേ തെറ്റിദ്ധരിച്ച് ഉത്തരവായി എന്ന് വാര്‍ത്ത നല്‍കിയതാവും. (അത്തരം ഒരു ഉത്തരവ് കാണാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ പറയുന്നത്.)

13. വാര്‍ത്തയില്‍ കാണുന്നത് പ്രകാരമുള്ള വര്‍ധനവ് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. തൊഴിലുറപ്പിന് സമാനമായ രീതിയില്‍ എങ്കിലും വര്‍ധിപ്പിക്കുന്നത് അനിവാര്യമാണ്.

14. ശിക്ഷാ തടവുകാരില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാസത്തില്‍ രണ്ട് ദിവസം അവരുടെ ശിക്ഷാ കാലത്തില്‍ ഇളവ് ലഭിക്കാന്‍ ജയില്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. തടവുകാര്‍ ക്ലേശം സഹിച്ചും തൊഴില്‍ ചെയ്യുന്നതിന് ഈ ആനുകൂല്യവും ഒരു കാരണമാണ്.