ഭോപ്പാല്‍: മധ്യപ്രദേശിലെ നരസിംഹഗഡില്‍ മുസ്‌ലിം വ്യാപാരിയുടെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദുത്വ സംഘമെന്ന് ആരോപണം. നരസിംഹഗഡില്‍ ക്രഷര്‍ നടത്തുന്ന ഹാജി മക്‌സൂദിനെയാണ് ജൂണ്‍ 20ന് വെട്ടുംകുത്തുമേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരുഹത ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. മൃതദേഹം തെരുവിലേക്ക് എടുത്തായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് അക്രമികളെ സംരക്ഷിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പോലിസ് അറിയിച്ചു.