ദര്‍ഗകള്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്നുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അഹമദാബാദ്: ഗുജറാത്തിലെ ദ്വാരകജില്ലയിലെ മതപരമായ പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടങ്ങി. കെട്ടിടങ്ങളുടെയും ദര്‍ഗകളുടെയും ഖബറിസ്ഥാനുകളുടെയും ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് മുമ്പേ അവ പൊളിക്കുകയാണെന്നും പൊളിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെത് ബദേല മുസ്‌ലിം ജമാഅത്ത് നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
പ്രദേശത്തെ എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിച്ചുനീക്കിയെന്നും മുമ്പ് കോടതി പൊളിയ്ക്കരുതെന്ന് പറഞ്ഞ കെട്ടിടങ്ങള്‍ മാത്രമാണ് ബാക്കിയെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജി എച്ച് വിരാക് കോടതിയെ അറിയിച്ചു. തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച ദര്‍ഗയടക്കമുള്ള കെട്ടിടങ്ങള്‍ ലഹരി വസ്തുക്കളും സ്‌ഫോടകവസ്തുക്കളും കടത്താന്‍ ഉപയോഗിക്കുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. പ്രദേശം അടച്ചുകെട്ടി ലഹരി ഇടപാടുകള്‍ നടത്തുകയാണ്. തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സി (ഐബി)എടുത്ത ഉപഗ്രഹചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഭൂമി വഖ്ഫ് ആണോയെന്നും കോടതി ചോദിച്ചു. ഭൂമി വഖ്ഫ് അല്ലെന്നും കന്നുകാലികളെ മേയ്ക്കാനുള്ള ഭൂമിയാണെന്നാണ് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ പറയുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഖബറിസ്ഥാന്‍ ഉണ്ടെങ്കില്‍ അത് വഖ്ഫ് ഭൂമിയാവുമല്ലോ എന്നു കോടതി ചോദിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഭൂമി ഖബറിസ്ഥാന് നല്‍കിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കി. ഗുരുതരമായ ഇത്തരം വാദങ്ങള്‍ക്കെല്ലാം വിശദമായ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ബെത് ബദേല മുസ്‌ലിം ജമാഅത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
