കേന്ദ്ര ബജറ്റ് ഇന്ന്; മിഡില്‍ ക്ലാസിന് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

Update: 2025-02-01 00:58 GMT

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നുരാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും. ഇടത്തരക്കാര്‍ക്ക് നികുതിയിളവുകളും മറ്റും നല്‍കി ഉപഭോഗവും സാമ്പത്തികവളര്‍ച്ചയും പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന് നരേന്ദ്രമോദി പറയുകയും ചെയ്തു.

ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ നാലു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പത്തില്‍ മാറ്റവുമില്ല. അതിനാല്‍, മിഡില്‍ക്ലാസിന് ഇളവുകള്‍ നല്‍കാനും അടിസ്ഥാനസൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുമാണ് തീരുമാനമെന്നാണ് സൂചന. വലിയ തോതിലുള്ള നികുതിപരിഷ്‌കാരങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. പത്തുലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കുകയും 15-20 ലക്ഷം വരുമാനമുള്ളവര്‍ക്ക് 25 ശതമാനം ആദായനികുതി ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.