ബജറ്റ്-2026: ക്ഷേമ പെന്‍ഷന് 14,500 കോടി; സ്ത്രീസുരക്ഷാ പെന്‍ഷന് 3,820 കോടി

Update: 2026-01-29 03:57 GMT

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. ക്ഷേമപെന്‍ഷന് 14,500 കോടി രൂപയും സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടിയും മാറ്റിവയ്ക്കുന്നതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടിയും നീക്കിവെച്ചു. മറ്റു സാമൂഹികസുരക്ഷാ പദ്ധതികളുടെ ഭാഗമല്ലാത്ത 35-60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വിമന്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം നല്‍കും. ഇത് 31 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനാണ് 3,820 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കണക്ട് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഇതുവരെ 68,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യമാസത്തെ സ്‌കോളര്‍ഷിപ്പ് നല്‍കി. കുടുംബ ശ്രീ എഡിഎസുകള്‍ക്ക് ആയിരം രൂപ വീതം കൂടുതല്‍ നല്‍കും. 19,470 എഡിഎസുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.