'സഹോദരിയുടെ മക്കളും സഹോദരന്റെ മക്കളും ഒരുപോലെ'': തടവുകാരുടെ അവധി അപേക്ഷയില്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

Update: 2025-12-22 07:30 GMT

കൊച്ചി: തടവുകാരുടെ അവധി അപേക്ഷകളില്‍ ലിംഗപരമായ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പിതൃസഹോദരന് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എമര്‍ജന്‍സി അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് നല്‍കിയ അപേക്ഷ കണ്ണീര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തടവുകാരന് അവകാശമുണ്ടെന്നാണ് ജയില്‍ ചട്ടം പറയുന്നതെന്നും അനന്തരവന്‍ എന്നാല്‍ സഹോദരന്റെ മകനല്ലെന്നുമായിരുന്നു ജയില്‍ അധികൃതരുടെ വാദം. തുടര്‍ന്ന് യുവാവ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അനന്തരവന്‍ എന്ന വാക്കിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുതെന്ന് ഹരജി പരിഗണിച്ച് കോടതി പറഞ്ഞു. സഹോദരന്റെ മക്കളോട് വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14,15 അനുഛേദങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഈ കേസില്‍ തടവുകാരന് എമര്‍ജന്‍സി അവധി നല്‍കണം. തുടര്‍ന്ന് പത്തുദിവസം അവധി അനുവദിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെടാത്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട, നല്ല സ്വഭാവമുള്ള തടവുകാര്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ എമര്‍ജന്‍സി അവധി നല്‍കാമെന്നാണ് ജയില്‍ ചട്ടങ്ങള്‍ പറയുന്നത്.