യുഎപിഎ കേസില്‍ ജഗ്ഗി ജോഹല്‍ അടക്കം എട്ടുപേരെ വെറുതെവിട്ടു

Update: 2025-03-05 12:55 GMT

മോഗ(പഞ്ചാബ്) : നിരോധിതസംഘടനക്ക് സാമ്പത്തികസഹായം നല്‍കിയെന്ന യുഎപിഎ കേസില്‍ എട്ടുപേരെ മോഗ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. കഴിഞ്ഞ ഏഴുവര്‍ഷമായി ജയിലില്‍ അടക്കപ്പെട്ട ബ്രിട്ടീഷ് പൗരന്‍ ജഗ്താര്‍ സിംഗ് ജോഹല്‍(ജഗ്ഗി ജോഹല്‍) അടക്കം എട്ടുപേരെയാണ് വെറുതെവിട്ടിരിക്കുന്നത്. തല്‍ജീത് സിംഗ്(ജിമ്മി), രമണ്‍ദീപ് സിംഗ് (ബഗ്ഗ), ധര്‍മീന്ദര്‍ സിംഗ്(ഗുഗ്നി), ഹര്‍ദീപ് സിംഗ്(ഭല്‍വാന്‍), അനില്‍കുമാര്‍(കാല), ജഗ്ജിത് സിംഗ്(ജഗ്ഗി), തര്‍ലോക് സിംഗ്(ലാഡി) എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റുള്ളവര്‍. കേസിലെ ഒമ്പതാം പ്രതി ഹര്‍മീന്ദര്‍ സിംഗ് മിന്റു വിചാരണക്കാലയളവില്‍ ജയിലില്‍ കിടന്ന് മരിച്ചിരുന്നു.

ജഗ്താര്‍ സിംഗ് ജോഹലിനെതിരെ പഞ്ചാബില്‍ മറ്റു എട്ടു കേസുകള്‍ കൂടിയുണ്ട്. എന്‍ഐഎ ആണ് ഈ കേസുകളെല്ലാം അന്വേഷിച്ചത്. ആര്‍എസ്എസ് നേതാക്കളായ ജഗദീഷ് ഗഗ്‌നേജ, രവീന്ദര്‍ ഗൊസെയ്ന്‍, ദേരാ സച്ചാ സൗദ അനുയായികളായ സത്പാല്‍ സിംഗ്, രമേശ്, ശിവസേന നേതാവ് ദുര്‍ഗപ്രസാദ്, ക്രിസ്ത്യന്‍ പാസ്റ്റര്‍ സുല്‍ത്താന്‍ മസീഹ്, ഹിന്ദു തഖ്ത് നേതാവ് അമിത് ശര്‍മ എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് ഇവ. സിഖ് വംശഹത്യയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവക്കുന്ന Never Forget 1984 എന്ന വെബ്‌സൈറ്റ് നടത്തുന്നയാളാണ് ജോഹല്‍ എന്നും എന്‍ഐഎ പറയുന്നു.ജഗ്ഗി ജോഹലിന് എതിരായ കേസില്‍ നീതിപൂര്‍വ്വകമായ അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.